Wednesday 21 January 2009

ഏഷ്യന്‍ മൊസാര്‍ട്ട്-ജീലാനി കറാമത്ത് - മാധ്യമം

ശൈഖ്‌ അബ്‌ ദുല്‍ ഖാദിര്‍ ജീലാനി(റ) തങ്ങളുടെ കറാമത്ത്‌ ജമാഅത്തെ ഇസ്ലാമിക്കാരുടെ കൈകള്‍ കൊണ്ട്‌ തന്നെ പ്രചരിപ്പിച്ച അല്ലാഹുവിനു സ്തുതി. ഇനിയെങ്കിലും മാധ്യമവും ജമാഅത്തെ ഇസ്ലാമിയും മുസ്ലിംങ്ങളെ കാഫിറാക്കുന്ന പരിപാടി നിര്‍ത്തുമെന്ന് പ്രത്യാശിക്കാം. പ്രത്യേകിച്ചും രാഷ്ട്രീയ മോഹം നെഞ്ചിന്‍ കൂട്‌ വിട്ട്‌ പുറത്ത്‌ ചാടിയ അവസരത്തില്‍ശൈഖ്‌ ജീലാനി(റ)യുടെ കറാമത്ത്‌ അംഗീകരിച്ച എ.അര്‍. റഹ്‌മാന്‍ മുസ്ലിമോ അതൊ കാഫിറോ ? മാധ്യമവും ജമാഅത്തുകാരും മറുപടി പറയുക.!

ജീലാനി കറാമത്ത് - മാധ്യമം താഴെ കാണുക

ഏഷ്യന്‍ മൊസാര്‍ട്ട് അച്ഛന്റെ വിരലില്‍ തൂങ്ങിനടന്ന നാലു വയസ്സുകാരന്‍ ദിലീപ് സ്റ്റുഡിയോവില്‍ കണ്ട ഹാര്‍മോണിയത്തില്‍ വെറുതെ വിരലോടിച്ചപ്പോള്‍ പിറന്നത് ഇമ്പമേറിയ ഒരീണം. ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടും മൃദുലമാം നിസ്വനം പോലൊരു ട്യൂണ്‍ കേട്ടപ്പോള്‍ അച്ഛന്‍ ഒരു തുണിയെടുത്ത് ഹാര്‍മോണിയത്തിനു മുകളിലിട്ടു. സംഗീതത്തിന്റെ മഹാസമുദ്രങ്ങളെ ഉള്ളിലടക്കിക്കൊണ്ട് പിറന്നുവീണ ആ അദ്ഭുതബാലന് വീണ്ടും ആ ഈണമൊരുക്കാന്‍ തന്ത്രികള്‍ തിരയേണ്ടിവന്നില്ല. തുണിക്കു മുകളിലൂടെ അതിവിദഗ്ധമായി ഓടിനടന്ന ആ കുഞ്ഞുവിരലുകളില്‍ അതേ ഈണം എളുപ്പം പുനര്‍ജനിച്ചു. 'ചൊട്ടമുതല്‍ ചുടല വരെ ചുമടും താങ്ങി' എന്ന പാട്ടൊരുക്കി അനശ്വരനായ ആര്‍.കെ. ശേഖര്‍ തന്റെ ജനിതകപരമ്പരയുടെ അനുസ്യൂതമായ ഒരു തുടര്‍ച്ച മകനില്‍ കണ്ട് ആനന്ദിച്ചിരിക്കണം.


പ്രപഞ്ചത്തെ കണ്‍മിഴിച്ചു കണ്ടുതുടങ്ങുന്ന കാലത്തുതന്നെ രാഗവിസ്മയങ്ങളിലായിരുന്നു അവന്റെ മനസ്സ്. വീടിന്റെ തിണ്ണയിലിരുന്ന് ദേവരാജന്‍ മാഷും ദക്ഷിണാമൂര്‍ത്തി സ്വാമികളും എം.കെ. അര്‍ജുനന്‍ മാഷും ഈണമൊരുക്കുന്നത് കേട്ടിരുന്ന ബാല്യം. ചിന്ന ചിന്ന ആശൈകള്‍ മാത്രമുള്ള കുട്ടിക്കാലത്ത് കീബോര്‍ഡില്‍ വിരലോടിച്ചുകളിച്ച ദിലീപിന് ആ മഹാഗുരുക്കന്മാരുടെ സാന്നിധ്യം ഒരനുഗ്രഹമായി. ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴമറിഞ്ഞത് അന്നു കേട്ടുപഠിച്ച ആ രാഗധാരകളില്‍നിന്ന്. 'അടിമച്ചങ്ങല' എന്ന മലയാളചിത്രത്തില്‍ അര്‍ജുനന്‍ മാഷിന്റെ പിന്നണിക്കാരനായി കൂടുമ്പോള്‍ ഒമ്പതു വയസ്സ്. പിന്നെ അതിരുകളില്ലാത്ത സംഗീതലോകം കീഴടക്കാനായി നടത്തിയ ഏകാന്തമായ ധ്യാനങ്ങള്‍. സിരകളില്‍ ഉന്മാദത്തിന്റെ വിഷസൂചികള്‍ കുത്തിയിറക്കുന്ന ഭ്രമരാഗങ്ങളുടെ പെരുമഴയില്‍ മുങ്ങിനിവര്‍ന്ന യൌവനം. ഗോത്രതാളത്തില്‍ ഉടലുറഞ്ഞുതുള്ളുന്ന ദ്രാവിഡന്റെ ഡപ്പാംകുത്തു മുതല്‍ ആഫ്രിക്കന്‍ ജാസ് മ്യൂസിക്കും പോപ്പും റോക്കും സൂഫിസംഗീതവും വരെ പടരുന്ന വിവിധ സംഗീതസംസ്കാരങ്ങളുടെ ഈണങ്ങള്‍ സ്വാംശീകരിച്ചെടുത്ത് ആഗോളതലത്തില്‍ അനിഷേധ്യനായ അല്ലാരഖാ റഹ്മാനെ ഇപ്പോള്‍ അകലെ നിന്നും ഒരംഗീകാരം തേടിവന്നിരിക്കുന്നു^ മികച്ച സംഗീത സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ്. ഇന്ത്യയുടെ ചലച്ചിത്രചരിത്രത്തില്‍ ഈ പുരസ്കാരം കടല്‍ കടന്നെത്തുന്നത് ഇതാദ്യം.


ചടുലമായി ചുവടുവെക്കാന്‍ ആരെയും വലിച്ചിഴക്കുന്ന ആ മാന്ത്രികസംഗീതത്തെ തമിഴന്‍ വിളിച്ചത് 'ഇശൈ പുയല്‍' എന്ന്. സംഗീതത്തിന്റെ കൊടുങ്കാറ്റ് എന്നര്‍ഥം. ബാധ കേറിയതുപോലെ ഉറഞ്ഞുതുള്ളാന്‍ പ്രേരിപ്പിക്കുന്ന മുറുകിയ ഗോത്രതാളത്തിന്റെ മൂര്‍ച്ഛയില്‍ തമിഴന്‍ ഹൃദയത്തോടു ചേര്‍ത്തുവെച്ച ആ യുവാവ് ദ്രാവിഡദേശത്തിന്റെ അതിര്‍ത്തികള്‍ കടന്നത് വളരെ വേഗത്തിലാണ്. അക്കാലത്ത് ടൈം മാഗസിന്‍ മദ്രാസ് മൊസാര്‍ട്ട് എന്നു വിളിച്ചു. വെറുതെയല്ല ഇന്ന് ബ്രിട്ടനിലെ കുട്ടിപ്പത്രങ്ങള്‍ ഏഷ്യന്‍ മൊസാര്‍ട്ട് എന്നു വിളിക്കുന്നത്. ഈ ഭൂഖണ്ഡത്തില്‍നിന്ന് ആഗോളസംഗീത നഭസ്സിലേക്കു ജ്വലിച്ചുയര്‍ന്ന മറ്റൊരു താരോദയമുണ്ടായിട്ടില്ല. സിംഫണി ഒരുക്കിയ ഇളയരാജക്കുപോലും ഇന്ത്യന്‍ സംഗീതജ്ഞനാവാനേ കഴിഞ്ഞിട്ടുള്ളൂ. അതിര്‍ത്തികള്‍ക്കപ്പുറത്ത് ഇരിപ്പിടം കിട്ടിയിട്ടില്ല. ഓസ്കറിനു സമാനമായ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിലൂടെ അതിര്‍ത്തികള്‍ക്കപ്പുറത്ത് ഇന്ത്യക്കാരന്റെ സ്വകാര്യമായ അഹങ്കാരമായി മാറിയിരിക്കുന്നു അല്ലാരഖാ റഹ്മാന്‍.


1966 ജനുവരി ആറിന് ജനനം. പെണ്‍കുട്ടികളുടെ മുഖത്തുപോലും നോക്കാന്‍ മടിച്ചിരുന്ന നാണം കുണുങ്ങിയായിരുന്നു. കമ്പ്യൂട്ടറും ഇലക്ട്രോണിക്സും സംഗീതവുമായിരുന്നു കൌമാരകാലത്തെ അഭയങ്ങള്‍. പല രാഗങ്ങള്‍ തീര്‍ക്കാനുള്ള സിന്തസൈസര്‍ കൈയിലുണ്ടായിരുന്ന അപൂര്‍വം സംഗീതജ്ഞരില്‍ ഒരാളായ ശേഖറിന്റെ മകന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എളുപ്പം വഴങ്ങി. മരുന്നും മരണവും മണക്കുന്ന ആശുപത്രികളിലാണ് അവന്‍ അച്ഛനെ ഏറെയും കണ്ടത്. തീരാദുരിതങ്ങളുടേതായിരുന്നു ആ കാലം. അച്ഛന്‍ മരിക്കുമ്പോള്‍ ദിലീപിന് ഒമ്പതു വയസ്സ്. അമ്മ മക്കളെ വളര്‍ത്തിയത് അച്ഛന്റെ സംഗീത ഉപകരണങ്ങളില്‍നിന്നു കിട്ടിയ തുച്ഛമായ വാടകകൊണ്ട്. പതിനൊന്നാമത്തെ വയസ്സില്‍ ഇളയരാജയുടെ സംഗീതട്രൂപ്പില്‍ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായി. അതോടെ പലപ്പോഴും ക്ലാസുകള്‍ മുടങ്ങി. സ്കൂളുകള്‍ പലതു മാറി. വിഖ്യാതമായ പത്മശേഷാദ്രി ബാലഭവനില്‍നിന്ന് മദ്രാസ് ക്രിസ്ത്യന്‍ കോളജ് വരെയെത്തി. പതിനൊന്നാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ രമേഷ് നായിഡു എന്ന സംഗീതജ്ഞന്‍ ജോലി വാഗ്ദാനം ചെയ്തു. കുടുംബം പുലര്‍ത്താന്‍ നല്ലത് സംഗീതമാണെന്നു കണ്ട് കോളജിന്റെ പടിയിറങ്ങി. അച്ഛന്റെ കാലം മുതല്‍ രോഗാണുക്കള്‍ മുടങ്ങാതെ സന്ദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്ന വീട്ടിലേക്ക് സഹോദരിയെ തേടി അവ വന്നു. അവള്‍ രോഗക്കിടക്കയിലായി. ചികില്‍സകള്‍ പലതും ചെയ്തു. ഒന്നിനും ഫലം കണ്ടില്ല. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ വിശ്വാസവും പ്രാര്‍ഥനകളും അവരുടെ തുണക്കെത്തി. സഹോദരിയുടെ അസുഖം അദ്ഭുതകരമായി ഭേദപ്പെട്ടതോടെ ശൈഖ് അബ്ദുല്‍ ഖാദിറിന്റെ വിശ്വാസധാരയിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു ആ കുടുംബം. അമ്മ കരീമ ബീഗമായി. ദിലീപ് റഹ്മാന്‍ ആയി.


ദക്ഷിണേന്ത്യന്‍ സംഗീതവിസ്മയമായ ഇളയരാജയുമായുള്ള അടുപ്പം ആഴത്തില്‍ തൊടുന്ന പ്രചോദനമായി. മദ്യപിക്കുന്നവരും മയക്കുമരുന്നു കഴിക്കുന്നവരുമാണ് നല്ല കലാകാരന്മാര്‍ എന്ന ധാരണ തിരുത്താന്‍ ആ വിശുദ്ധസാന്നിധ്യം സഹായകമായി. ദ്രാവിഡസംഗീതത്തിന്റെ ആചാര്യന്റെ സംഘത്തിലെ മികവുറ്റ അംഗമെന്ന നിലയില്‍ അവസരങ്ങള്‍ തേടിയെത്തി. എം.എസ്. വിശ്വനാഥന്റെയും രമേഷ് നായിഡുവിന്റെയും സാക്കിര്‍ ഹുസൈന്റെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചു. വിഖ്യാതമായ ഓക്സ്ഫോഡ് സര്‍വകലാശാലയുടെ കീഴിലുള്ള ട്രിനിറ്റി കോളജിന്റെ സ്കോളര്‍ഷിപ്പിന് അര്‍ഹനായി. പടിഞ്ഞാറന്‍ ശാസ്ത്രീയ സംഗീതത്തില്‍ ബിരുദവുമായി തിരിച്ചെത്തിയപ്പോള്‍ ചെറുകിട പാശ്ചാത്യ ട്രൂപ്പുകളില്‍നിന്ന് വിളിവന്നു. പിന്നെ പരസ്യങ്ങളുടെ പിന്നണിഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. മുന്നൂറിലധികം ജിംഗിളുകളാണ് അക്കാലത്ത് പിറന്നത്. പരസ്യചിത്രങ്ങളുടെ അവാര്‍ഡുദാനച്ചടങ്ങില്‍വെച്ചാണ് ഇന്ത്യന്‍ സ്പില്‍ബര്‍ഗ് മണിരത്നം മുടിനീട്ടിയ ചെറുപ്പക്കാരന്റെ താളാത്മകമായി ചലിക്കുന്ന വിരലുകളില്‍ സംഗീതത്തിന്റെ ഒരു വിസ്മയപ്രപഞ്ചം കണ്ടത്. അതൊരു കണ്ടെത്തലായിരുന്നു. ബാല്യകാല സുഹൃത്തായ ബാലയുടെ വരികള്‍ക്ക് നല്‍കിയ ഈണം കേട്ട് മണിരത്നം ആ മാസ്മര സംഗീതത്തിനു മുന്നില്‍ കീഴടങ്ങി. 1992ല്‍ ഇന്ത്യ മുഴുവന്‍ 'റോജ'യിലെ ചിന്ന ചിന്ന ആശൈ ഏറ്റുപാടി. മികച്ച സംഗീതസംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ആ ചിത്രം നേടിക്കൊടുത്തു. മിന്‍സാരക്കനവ് (1997), ലഗാന്‍ (2002), കന്നത്തില്‍ മുത്തമിട്ടാല്‍ (2003) എന്നീ ചിത്രങ്ങള്‍ പിന്നെയും ഇതേ പുരസ്കാരത്തിന് അര്‍ഹനാക്കി.
പ്രണയത്തിന്റെയും വിരഹത്തിന്റെയും ആര്‍ദ്രമധുരമായ ഈണങ്ങള്‍ക്കൊപ്പം സിരകള്‍ക്കു തീ കൊളുത്തുന്ന ചടുലതാളങ്ങളും കൊണ്ട് ഒരു തലമുറയെ പൈഡ് പൈപ്പറെപ്പോലെ പിന്നില്‍ നടത്തിക്കുകയാണ് ഇപ്പോള്‍. എന്നവളേ, ഉയിരേ ഉയിരേ തുടങ്ങിയ മനസ്സിന്റെ വിലോലമായ തലങ്ങളില്‍ തൊടുന്ന ഈണങ്ങള്‍ തീര്‍ത്ത വിരലുകള്‍കൊണ്ടുതന്നെ മുക്കാല മുക്കാബലാ ലൈല, ഒട്ടകത്തെ കെട്ടിക്കോ തുടങ്ങിയ ദ്രുതതാളങ്ങളും അദ്ദേഹം സൃഷ്ടിക്കുന്നു. 'സ്ലം ഡോഗ് മില്യനര്‍' എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ഗുല്‍സാര്‍ എഴുതിയ 'ജയ്ഹോ' എന്ന ഗാനത്തിന്റെ ഈണത്തിലൂടെ അന്താരാഷ്ട്രഭൂപടത്തില്‍ സ്വയം അടയാളപ്പെടുത്തിയ ഈ സംഗീത വിസ്മയത്തിന്റെ വിരല്‍ചലനങ്ങള്‍ക്കായി ഇനി ഇന്ത്യ മാത്രമാവില്ല കാത്തിരിക്കുക.
Madhyamam

http://www.madhyamam.in/news_archive_details.asp?id=7&nid=198824&page=1&dt=1/18/2009

ദുല്‍ഫുഖാര്‍ നിങ്ങള്‍ക്കൊപ്പം

അസത്യങ്ങളുടെ പുത്തന്‍ വാദങ്ങള്‍ക്കെതിരെ,
സത്യത്തിന്റെ ‍ ദുല്‍ഫുഖാര്‍ എന്ന പടവാളുമായി !

ബ്ലോഗില്‍ ഉടന്‍ നിങ്ങള്‍ക്കൊപ്പം.